Sunday, May 26, 2013

ദൈവത്തിന്റെ വിരലടയാളം

വിരലുകളിൽ വീതി കുറഞ്ഞു ഉയർന്നു  കാണപ്പെടുന്ന കുറെ വരകളെ ആണ് നമ്മൾ സാധാരണയായി വിരലടയാളം എന്ന് പറയുന്നത്. രസകരമായ വസ്തുത എന്താണെന്ന് വച്ചാൽ രണ്ടു മനുഷ്യരുടെ വിരലടയാളങ്ങൾ ഒരിക്കലും ഒരു പോലെ ആകില്ല, ഏകദേശം 2000 വർഷങ്ങൾക്കു മുൻപ് തന്നെ മനുഷ്യർ വിരലിന്റെ ഈ പ്രത്വേകത മനസ്സിലാക്കിയിരുന്നു.

വിരലടയാളത്തിലെ വ്യത്യസ്തത മതവിശ്വാസികൾക്ക് എന്നും ഇഷ്ടം ഉള്ള ഒരു വിഷയം ആണ്. എന്ത് കൊണ്ട് എല്ലാവർക്കും വ്യത്യസ്തമായ വിരലടയാളം ഉണ്ടാകുന്നു ? തീർച്ചയായും ഇതിനു പിന്നിൽ എന്തെങ്കിലും അദൃശ്യ ശക്തി കാണില്ലേ, അവർ അതിനു പിന്നിൽ ദൈവം ആണെന്ന് ഉറച്ചു വിശ്വസിച്ചു.  ഇതുവരെ ഭൂമിയിൽ ജനിച്ചിട്ടുള്ള ആയിരക്കണക്കിന് കോടി മനുഷ്യർക്ക്‌ ഉണ്ടായിട്ടുള്ള വിരലടയാളങ്ങൾ എല്ലാം തന്നെ വ്യത്യസ്തം ആയിരിക്കും. ഒറ്റ നോട്ടത്തിൽ ഇത് എല്ലാവർക്കും അദ്ഭുതം ജനിപ്പിക്കുന്ന കാര്യം തന്നെ, ഇതെങ്ങനെ സാധിച്ചു എന്നൊക്കെ പലർക്കും തോന്നാം, വിശ്വാസികൾ ആണെങ്കിൽ കൂടുതൽ ചിന്തിക്കാതെ എല്ലാം അവിടുത്തെ ലീലാവിലാസങ്ങൾ എന്ന് കരുതി മിണ്ടാതിരിക്കും, ഖുർആനിൽ ഇതിനെ പറ്റി  പരാമർശം ഉണ്ട്, 1600 വർഷങ്ങൾക്ക്  മുൻപുള്ള, ദൈവത്തിന്റെ സ്വന്തം പുസ്തകമായ ഖുറാനിൽ ഇത്രയും ശാസ്ത്രീയത വന്നു എന്നതിനെ കുറിച്ച് ഓർത്തു വിശ്വാസികൾ സന്തോഷിക്കും എങ്കിലും വിരലടയാളത്തിന്റെ ഈ പ്രത്വേകത  2000 വർഷങ്ങൾക്കു മുൻപ് തന്നെ മനുഷ്യർ മനസ്സിലാക്കിയിരുന്നു.

ഇതിൽ എന്തെങ്കിലും അത്ഭുതം ഉണ്ടോ?  യഥാർതത്തിൽ   രണ്ടു പേരുടെ വിരലടയാളങ്ങൾ ഒരു പോലെ വരാൻ ഉള്ള സാധ്യത എത്ര എന്ന് കണ്ടാലേ അതിനെ പറ്റി  പറയാൻ സാധിക്കൂ. 

വിരലിനെ മഷിയിൽ മുക്കി ഒരു പേപ്പർ ഇൽ പതിപ്പിച്ചു,
ഒരു വിരലടയാളത്തിന്റെ പടം എടുത്തു എന്ന് കരുതുക. അതിനെ ചെറിയ ഭാഗങ്ങളാക്കി വേർതിരിക്കുക, നമുക്ക് എളുപ്പത്തിനായി 20x20 ആയി തിരിക്കാം, അതായത് മൊത്തം 400 ചെറിയ സമചതുരങ്ങൾ . യഥാർതത്തിൽ 100x100 =10000 ചെറിയ ചതുരങ്ങൾ ആയി തിരിക്കാനും സാധ്യം ആണ്, കാരണം വിരലടയാളത്തിലെ വരകൾ അത്രയ്ക്ക് ചെറുതും ഇടുങ്ങിയതും ആണ്. എന്നിരുന്നാൽ തന്നെയും നമുക്ക് ഇപ്പോൾ എളുപ്പത്തിനു വേണ്ടി വെറും 400 ഭാഗങ്ങളായി പടത്തെ തിരിക്കാം , ഓരോ ചെറിയ ഭാഗത്തെയും മഷി ഉള്ളത്, ഇല്ലാത്തതു എന്നിങ്ങനെ രണ്ടു ആയി തരാം തിരിക്കാൻ സാധിക്കും, ഇതിനെ നമുക്ക് ബൈനറി നമ്പർ സിസ്റ്റവും ആയി താരതമ്യപ്പെടുത്താൻ സാധിക്കും. മഷി ഉള്ളതിനു ഒന്ന് എന്നും മഷി ഇല്ലാത്ത ഭാഗത്തിനു പൂജ്യം എന്നും. ഒരു സമചതുരം മാത്രം എടുത്താൽ അത് പൂജ്യം അല്ലെങ്കിൽ ഒന്ന് ആകാൻ 50 % സാധ്യത വീതം ആണ് ഉള്ളത്, നമ്മൾ രണ്ടു ചതുരം എടുത്താൽ സാധ്യതകളുടെ എണ്ണം നാലാകുന്നു, അത് പോലെ മൂന്നു എണ്ണം എടുത്താൽ സാധ്യതകളുടെ എണ്ണം എട്ടാകുന്നു, അങ്ങനെ നമുക്ക് ഇപ്പോൾ ഉള്ള ചതുരങ്ങളുടെ എണ്ണം 400 ആണ്. അതിന്റെ സാധ്യതകളുടെ എണ്ണം എടുത്താൽ അതി ഭീമം ആണ്
അത് 2x2x2x2..  അങ്ങനെ 400 രണ്ടുകൾ തമ്മിൽ ഗുണിച്ച്‌ കിട്ടുന്ന ഒരു സംഘ്യ ആണ്.   2.582 e+120.  രണ്ടു കഴിഞ്ഞു 120 പൂജ്യങ്ങൾ വരുന്ന ഒരു വലിയ സംഘ്യ. ഈ സംഘ്യയുടെ വലിപ്പത്തെ പറ്റി ഊഹിക്കാൻ പോലും സാധ്യമല്ല. മനുഷ്യന് ഇന്ന് വരെ നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ള പ്രപഞ്ചത്തിലെ എല്ലാ ആറ്റങ്ങളുടെ എണ്ണം എടുത്താൽ പോലും ( 10 e+80 ) ഇത്രയും വരില്ല എന്ന് മനസ്സിലാക്കുമ്പോൾ ആണ് നമുക്ക് ഈ സംഘ്യയുടെ വലിപ്പത്തെ പറ്റി ഏകദേശ ധാരണ കിട്ടുന്നത്. ഇത്രയും എണ്ണം  മനുഷ്യർ ഉണ്ടെങ്കിൽ അതിൽ ചിലപ്പോൾ രണ്ടു പേർക്ക് ഒരേപോലത്തെ വിരലടയാളം ഉണ്ടാകാം, അതിനു പോലും ഉറപ്പു പറയാൻ പറ്റില്ല, ചുരുക്കി പറഞ്ഞാൽ  ഓരോ ആറ്റവും ഓരോ മനുഷ്യർ ആയി മാറിയാൽ പോലും അതിൽ ഏതെങ്കിലും രണ്ടു മനുഷ്യരുടെ വിരലടയാളം ഒരുപോലെ ആകാൻ ഉള്ള സാധ്യത വളരെ കുറവാണ്.

ഇതിൽ നിന്നും വിരലടയാളം വ്യത്യസ്തം ആകുന്നതു ഒരു അത്ഭുതം അല്ല എന്ന് മനസ്സിലാക്കാം, എവിടെ എങ്കിലും രണ്ടു പേരുടെ വിരലടയാളം ഒരു പോലെ ആകുന്നു എങ്കിൽ ആണ് അത് വലിയൊരു അത്ഭുതം ആകുന്നതു. രണ്ടു പേർക്ക് വ്യത്യസ്ത വിരലടയാളം ഉള്ളത്, അവിടെ അത്ഭുതം ഒന്നും ഇല്ല എന്നും അത് തികച്ചും സ്വാഭാവികം ആണ് എന്നതിനും ഉള്ള തെളിവാണ്.

ചതുരംഗം കളിയിൽ ആദ്യത്തെ നാൽപതു വ്യത്യസ്തമായ  നീക്കങ്ങളുടെ എണ്ണം എന്ന് പറയുന്നത് പോലും നമ്മൾ ചിന്തിക്കാത്ത അത്ര വലിയ സംഘ്യ ആണ് , അത് പോലെ വെറും ഒരു ഡി എൻ എ യെ  വ്യത്യസ്തമായി ക്രമീകരിക്കാൻ കഴിയുന്ന ക്രമീകരണങ്ങളുടെ  എണ്ണവും പ്രപഞ്ചത്തിലെ എല്ലാ അറ്റങ്ങളുടെ എണ്ണത്തെ കാൾ കൂടുതൽ ആണ്.  ഡി എൻ എ  ആകുന്ന ചുറ്റുഗോവണിയിലെ  ക്രമീകരണത്തിൽ ഏതെങ്കിലും ഒന്നോ രണ്ടോ ചെറിയ മാറ്റങ്ങൾ വരുന്നതിനു ആണ് മ്യുട്ടെഷൻ എന്ന് പറയുന്നത്, ഇങ്ങനെ ഉള്ള നിരവധി മ്യുട്ടെഷൻ കാരണം ആണ് പുതിയ ജീവി വർഗ്ഗങ്ങൾ ഉണ്ടാകുന്നത്, തികച്ചും ക്രമരഹിതമായ രീതിയിൽ ആണ്  മ്യുട്ടെഷൻ  നടക്കുന്നത് എങ്കിലും അതിൽ പ്രകൃതിനിര്ധാരണം എന്ന ഒരു തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട് (അനുയോജ്യമായ മ്യുട്ടെഷൻ സംഭവിച്ചവ ), അതില്ലെങ്കിൽ  മ്യുട്ടെഷൻ  വഴി പുതിയ ജീവി വർഗ്ഗങ്ങൾ ഉണ്ടാകില്ല, 

 എന്തെങ്കിലും രണ്ടു കാര്യങ്ങൾ വ്യത്യസ്തം ആയാൽ അവിടെ അത്ഭുതങ്ങൾ ഒന്നും ഇല്ല എന്നും അത് തികച്ചും സ്വാഭാവികമായ കാര്യം ആണെന്നും വേണം മനസ്സിലാക്കാൻ. രണ്ടു ആകുന്ന എന്തും വ്യത്യസ്തം ആണ് , രണ്ടു വസ്തുക്കൾ വ്യത്യസ്തം ആയിരുന്നാൽ അവിടെ നിഗൂഡതകൾ ഒന്നും ഇല്ല എന്ന് വേണം മനസ്സിലാക്കാൻ.
ref:
http://www.universetoday.com/36302/atoms-in-the-universe/

Friday, May 10, 2013

ചില തെറ്റിധാരണകൾ


യുക്തിവാദികളെ പറ്റി വിശ്വാസികൾ കരുതുന്ന ചില തെറ്റിധാരണകൾ.

1 അവർ ഇപ്പോഴും ദൈവത്തെ ചീത്ത വിളിച്ചു നടക്കുന്നവർ ആണ്.
2 എല്ലാം അറിയാം എന്ന് ഭാവിച്ചു നടക്കുന്നവർ ആണ് യുക്തിവാദികൾ.
3 കുടുംബ ബന്ധങ്ങൾക്ക് ഒരു വിലയും കൊടുക്കാത്തവർ.
4 കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവർ.
5 എല്ലാ യുക്തിവാദികളും രഹസ്യമായി പ്രർധിക്കുന്നവർ ആണ്.
6 ദൈവം ഇല്ല എന്ന് പറഞ്ഞു ആൾക്കാരുടെ ശ്രദ്ധ നേടാൻ ശ്രമിക്കുന്നവർ.
7 എല്ലാ യുക്തിവാദികളും വയസാകുമ്പോൾ വലിയ വിശ്വാസി ആകും.
8 സ്വന്തം സംസ്കാരത്തെ തള്ളി പറയുന്നവർ.
9 സ്വവർഗരതി പ്രോത്സാഹിപ്പിക്കുന്നവർ.
10 കാണാനും കേൾക്കാനും പറ്റുന്ന കാര്യങ്ങൾ മാത്രം ഉണ്ടെന്നു വിശ്വസിക്കുന്നവർ.

യാഥാർത്ഥ്യം

1 അവർ ഇപ്പോഴും ദൈവത്തെ ചീത്ത വിളിച്ചു നടക്കുന്നവർ ആണ്.

                         ദൈവം ഇല്ല എന്ന് മനസിലാക്കിയവർ ആണ് യുക്തിവാദികൾ. ഇല്ലാത്ത ഒന്നിനെ ചീത്ത വിളിക്കാൻ എങ്ങനെ സാധിക്കും? മത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന ദൈവം ഒരു ക്രൂരൻ ആണ്, എങ്കിൽ തന്നെയും
 ദൈവം ഉണ്ടെന്നു തെളിഞ്ഞെങ്കിൽ മതങ്ങൾ തമ്മിൽ ഉള്ള യുദ്ധവും മത്സരവും എങ്കിലും നിലക്കുമല്ലോ എന്ന് കരുതുന്നവർ ആണ് യുക്തിവാദികൾ.

2 എല്ലാം അറിയാം എന്ന് ഭാവിച്ചു നടക്കുന്നവർ ആണ് യുക്തിവാദികൾ.

                          ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലാത്ത ദൈവത്തെ പറ്റിയും സ്വർഗ്ഗനരകത്തെ പറ്റിയും എല്ലാം അറിയാം എന്ന് ഭാവിച്ചു നടക്കുന്നവർ ആണ് വിശ്വാസികൾ. എന്നാൽ  അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയുന്നവർ ആണ് യുക്തിവാദികൾ. അതേ സമയം ആ അറിവില്ലായ്മക്ക് ഉത്തരം കണ്ടു പിടിക്കാൻ ശ്രമിക്കുകയും ചെയ്യും, അല്ലാതെ ഒരു കാര്യം അറിയില്ല എന്ന് വച്ച് അവിടേക്ക് ദൈവത്തെ പ്രതിഷ്ടിക്കില്ല. അറിവില്ലായ്മയുടെ അന്ധകാരത്തിൽ മാത്രം കുടികൊള്ളുന്ന ഒരു സങ്കൽപം ആണ് ദൈവം.

3 കുടുംബ ബന്ധങ്ങൾക്ക് ഒരു വിലയും കൊടുക്കാത്തവർ.

                    കുടുംബ ബന്ധങ്ങൾക്ക് വില കൊടുക്കുന്നവർ ആണ് യുക്തിവാദികൾ. അതിനായി സ്വര്ഗം കിട്ടും എന്നിങ്ങനെ ഉള്ള പ്രലോഭനങ്ങളുടെ ആവശ്യം ഇല്ല. കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ വില കൊടുക്കുന്നത് കൊണ്ട് വീട്ടുകാർ നിർബന്ധിക്കുമ്പോൾ തന്റെ അവിശ്വാസത്തെ തല്ക്കാലത്തേക്ക്  മാറ്റി വച്ച് അമ്പലത്തിൽ പോകാൻ പോലും തയ്യാറാകുന്നവർ. ദൈവത്തെ പേടിച്ചല്ല അവൻ നന്മ ചെയ്യുന്നത്. ദൈവത്തിൽ നിന്നും പോലും പ്രതിഭലം പ്രതീക്ഷിക്കാത്തതു കൊണ്ട് യുക്തിവാദികൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്കു മാറ്റ് കൂടും.

4 കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവർ. 

                     കുറ്റവാളികൾ ആയി ഉള്ളവരിൽ കൂടുതലും മത വിശ്വാസികൾ ആണ് എന്നത് ആണ് സത്യം. അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിൽ കുറ്റവാളികളിൽ വെറും ഏഴു ശതമാനം മാത്രം ആണ് യുക്തിവാദികൾ, പക്ഷെ അവിടത്തെ ശാസ്ത്രജ്ഞരിൽ 90 ശതമാനത്തിൽ കൂടുതൽ യുക്തിവാദികൾ ആണ്. യുക്തിവാദത്തിന്റെ പേരിൽ ഒരിടത്തും അടി നടന്നതായി അറിവില്ല .
 ഒരു മതത്തിനു വേണ്ടി ചെയ്യുന്ന ഒരു കാര്യം തെറ്റാണെങ്കിൽ പോലും അങ്ങേയറ്റം സന്തോഷത്തോടെയും താല്പര്യത്തോടെയും ചെയ്യാൻ ഒരു വിശ്വാസിക്ക് സാധിക്കുന്നു. തീവ്രവാദികൾ ഉണ്ടാകുന്നതിനു പ്രധാന കാരണവും മതങ്ങളും അന്യമതക്കാരന്റെ തലയെടുക്കാൻ പറയുന്ന ദൈവങ്ങളും തന്നെ,

5 എല്ലാ യുക്തിവാദികളും രഹസ്യമായി പ്രർധിക്കുന്നവർ ആണ്.

                         യുക്തിവാദിക്കു രഹസ്യം ആയി പ്രര്ധിക്കേണ്ട ആവശ്യം ഉണ്ടോ ?  ഒരു യുക്തിവാദിക്കു തൻ യുക്തിവാദി ആണെന്ന് പറഞ്ഞു നടന്നാൽ നഷ്ടങ്ങൾ ആണ് കൂടുതൽ ആയി ഉണ്ടാകുന്നത്, അങ്ങനെ ഉള്ള ഒരാൾ രഹസ്യം ആയി പ്രർധിക്കുകയും പരസ്യം ആയി ദൈവത്തെ എതിർക്കുകയും ചെയ്യുന്നു എന്ന് പറയുന്നതിൽ എന്ത് അര്ഥം ആണ് ഉള്ളത്.

6 ദൈവം ഇല്ല എന്ന് പറഞ്ഞു ആൾക്കാരുടെ ശ്രദ്ധ നേടാൻ ശ്രമിക്കുന്നവർ.

                           ഒരാൾ  ദൈവം ഇല്ല എന്ന് മനസിലാക്കി കഴിഞ്ഞിട്ടും മറ്റുള്ളവരുടെ ചോദ്യങ്ങളെയും അത് അറിയുമ്പോൾ അവരിൽ  പലരും കാണിക്കുന്ന വെറുപ്പിനെയും ഓർത്തു പലരും പുറത്തു പറയാതെ ഇരിക്കുക ആണ്, അങ്ങനെ ഉള്ളവർ ശ്രദ്ധ കിട്ടാൻ വേണ്ടി മാത്രം യുക്തിവാദി എന്ന് പറഞ്ഞു നടക്കില്ല.

7 എല്ലാ യുക്തിവാദികളും വയസാകുമ്പോൾ വലിയ വിശ്വാസി ആകും.

                          വയസ്സാകുമ്പോൾ മറ്റൊരാളുടെ സഹായം ഇല്ലാതെ പലർക്കും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കില്ല. യുക്തിവാദി എന്ന കാരണം കൊണ്ട് പലരും അകന്നു നിൽക്കുമ്പോൾ അത് ഒഴിവാക്കാൻ വേണ്ടി വിശാസി ആകുകയോ അങ്ങനെ അഭിനയിക്കുകയോ ചെയ്യേണ്ടി വരുന്നു എന്നത് ആണ് സത്യം.

8 സ്വന്തം സംസ്കാരത്തെ തള്ളി പറയുന്നവർ.

                          സ്വന്തം സംസ്കാരത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തള്ളിപറയുന്നതിനെ ആണ് സ്വന്തം സംസ്കാരത്തെ തന്നെ തള്ളി പറയുന്നു എന്നതായി തെറ്റി ധരിക്കപെടുന്നത്, സ്വന്തം സംസ്കാരം മാത്രം നല്ലത് ബാക്കി എല്ലാം മോശം എന്ന മനോഭാവം യുക്തിവാദിക്കു ഇല്ല, എല്ലാത്തിൽ ഇന്നും നല്ലത് മാത്രം സ്വീകരിക്കുകയും മോശം കാര്യങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർക്കുകയും ചെയ്യുന്നവർ ആണ് യുക്തിവാദികൾ.

9 സ്വവർഗരതി പ്രോത്സാഹിപ്പിക്കുന്നവർ.
               
                          സ്വവർഗരതിയെ യുക്തിവാദികൾ പ്രോത്സാഹിപ്പിക്കുന്നില്ല പകരം അങ്ങനെ ഉള്ളവരെയും സാധാരണ മനുഷ്യരായി കാണുന്നു. അവർ എന്തെങ്കിലും തെറ്റ് ചെയ്തു എന്നോ അവർ തങ്ങളെ കാൾ മോശം ആണെന്നോ കരുതി അവരെ മാറ്റി നിർത്തുന്നില്ല. വിശ്വാസികൾ സ്വവർഗരതി കുറ്റകരം ആണെന്ന് പറയുന്നതിന്റെ ഒരേ ഒരു കാരണം അത് തങ്ങളുടെ മത ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് എന്നത് കൊണ്ട് മാത്രം ആണ്.

10 കാണാനും കേൾക്കാനും പറ്റുന്ന കാര്യങ്ങൾ മാത്രം ഉണ്ടെന്നു വിശ്വസിക്കുന്നവർ.

                         കാണാനും കേൾക്കാനും പറ്റുന്ന കാര്യങ്ങൾ മാത്രമേ യുക്തിവാദികൾ സ്വീകരിക്കു എന്ന് പറയുന്നത് ഒരു തെറ്റിധാരണ മാത്രം ആണ്. നമുക്ക് ശാസ്ത്രീയമായി വിശദീകരിക്കാൻ പറ്റുന്ന, അസത്യവൽകരണക്ഷമത ഉള്ള ഏതൊരു കാര്യവും യുക്തിവാദികൾക്ക് സ്വീകാര്യം ആണ്. പക്ഷെ ദൈവം എന്ന സങ്കല്പത്തിന് ശാസ്ത്രീയമായ തെളിവോ അസത്യവല്കരണക്ഷമതയോ ഇല്ല. അത് കൊണ്ടാണ് യുക്തിവാദികൾ ദൈവത്തിൽ വിശ്വസിക്കാത്തതു. പരിണാമസിദ്ധാന്തത്തെ പല വിശ്വാസികളും  എതിർക്കുന്നതായി കാണാറുണ്ട്‌, പരിണാമ സിദ്ധാന്തം തങ്ങളുടെ ദൈവ വിശ്വാസത്തെ മങ്ങൽ ഏൽപ്പിക്കുന്നത് കൊണ്ടാണ് അവർ അതിനെ എതിർക്കുന്നത് . പക്ഷെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കപെട്ട ഒരു സംഗതി ആണ്. ഭ്രൂണ ശാസ്ത്രം, ഫോസ്സിൽ പഠനം , ഡി. എൻ. എ പഠനം, അങ്ങനെ തെളിവുകൾ നിരവധി  ആണ്. പരിണാമ സിദ്ധാന്തത്തിനു അസത്യവൽകരണക്ഷമത ഉണ്ട്. ഒരു മനുഷ്യന്റെ ഫോസ്സിൽ ദിനോസറിന്റെ കാലഘട്ടത്തിൽ നിന്ന് കിട്ടുക ആണെങ്കിൽ പരിണാമം തെറ്റെന്നു തെളിയിക്കാം, പക്ഷെ പരിണാമം എല്ലാ പരീക്ഷകളിലും വിജയിച്ചു നില്ക്കുക ആണ്.