Sunday, October 27, 2013

ഭിക്ഷക്കാരൻ

ആ ഭിക്ഷക്കാരൻ അമ്പലത്തിനു മുൻപിൽ ഇരുന്നു ഭിക്ഷയെടുക്കാൻ തുടങ്ങിയതിനു ശേഷം വരുമാനം കൂടി. ദൈവത്തെ കാണാൻ വരുന്നവർ തങ്ങൾ നല്ല ദാനശീലർ എന്ന് ദൈവത്തെ   കാണിക്കുന്നതിന് വേണ്ടി അമ്പലത്തിനു മുൻപിൽ ഇരിക്കുന്ന ഭിക്ഷക്കാരന്റെ പഴകിയ തോർത്തിലേക്ക് നാണയത്തുട്ടുകൾ വലിച്ചെറിഞ്ഞു. താൻ ഒരു ദാനധർമ്മം നടത്തിയത്  ദൈവം കണ്ടല്ലോ എന്നു ആശ്വസിച്ചു അവർ മടങ്ങിപ്പോയി.
ഓരോ തുട്ടുകൾ വീഴുമ്പോഴും തന്നെ ഇങ്ങനെ സൃഷ്ടിച്ചത് ദൈവമാണോ എന്ന് പോലും ഓർക്കാതെ ആ നാണയത്തുട്ടുകൾ ദൈവകൃപ മൂലമാണ് കിട്ടുന്നത് എന്നോർത്ത് ഭിക്ഷക്കാരൻ സന്തോഷിച്ചു.
 വൈകുന്നേരം ആയപ്പോൾ തോർത്തിലെ ചില്ലറയെല്ലാം ഒരുമിച്ചു ആക്കി കൂട്ടിക്കെട്ടിയിട്ട് വേറെ ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി ഭിക്ഷക്കാരൻ അമ്പലത്തിനുള്ളിലേക്ക് കയറി. ദൈവത്തിന്റെ മുൻപിലെത്തി പ്രാർഥിച്ചു. തന്റെ കയ്യിലെ ചില്ലറക്കൂമ്പാരത്തിൽ നിന്നും ഒരു പിടി ചില്ലറ വാരി കാണിക്കയിലേക്ക് ഇട്ടിട്ടു, തന്റെ വരുമാനം ഇങ്ങനെ നിലനില്ക്കണേ എന്ന് മനസ്സുരുകി പ്രാർഥിച്ചു. കുറച്ചു പ്രസാദം കൂടി കഴിക്കാം എന്ന് കരുതി പായസം എടുക്കാൻ തുനിഞ്ഞ ഭിക്ഷക്കാരനെ പൂജാരി കണ്ടുപിടിച്ചു. "അശ്രീകരം ! ഒക്കെ അശുദ്ധമാക്കി " എന്ന് പറഞ്ഞു ആ ഭിക്ഷക്കാരനെ പുറത്തേക്കു ഓടിച്ചു. പുറത്തേക്കു ഓടുമ്പോൾ പ്രസാദം കിട്ടാത്ത വിഷമത്തെക്കാൾ ഉപരി, നാളെയും നല്ല വരുമാനം ലഭിക്കുവാൻ ദൈവത്തിനു കൈക്കൂലി കൊടുക്കാൻ സാധിച്ചല്ലോ എന്നോർത്ത് ആ ഭിക്ഷക്കാരൻ ചിരിക്കുകയായിരുന്നു.