Friday, November 16, 2012

അപ്പുവിന്‍റെ ദൈവം (2)

ദൈവമേ എനിക്ക് കളര്‍ പേന കളഞ്ഞു കിട്ടണേ ...
ഞാന്‍ എന്റെ കൈയിലെ 50 പൈസ കാണിക്ക ആയിട്ട് ഇടാമേ , ഇപ്പോള്‍ എന്റെ കൈയില്‍ ഇത്രയേ ഉള്ളു ,
വലുതാകുമ്പോള്‍ നിറയെ കാണിക്ക ഇടാം .
ദൈവമേ എനിക്ക് കളര്‍ പേന കളഞ്ഞു കിട്ടണേ ...

സന്ധ്യാനാമം ചൊല്ലാന്‍ പോയ അപ്പുവിന്‍റെ പ്രാര്‍ഥന കേട്ട് മുത്തശ്ശി അടുത്തേക്ക് വന്നു ചോദിച്ചു,
നീ നാമം ചൊല്ലാതെ ഇത് എന്തോക്കെയാടാ പറഞ്ഞു കൊണ്ട് ഇരിക്കുന്നത്.

അത് പിന്നെ  മുത്തശ്ശി അല്ലെ പറഞ്ഞത് നമ്മള്‍  പ്രാര്‍ധിക്കുന്നത് എന്തും ദൈവം തരും എന്ന്,

പ്രര്ധിക്കുന്നത് എല്ലാം തരുക മാത്രം അല്ല, നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍ ദൈവം പൊറുക്കുകയും ചെയ്യും,
പക്ഷെ അതിനു നീ ഇപ്പോള്‍ എന്താ പ്രാര്‍ധിക്കുന്നത്  ? മുത്തശി ചോദിച്ചു.

അതേ മുത്തശ്ശി , എന്റെ കൂട്ടുകാരന്റെ കൈയില്‍ ഒരു കളര്‍ പേന ഉണ്ട്, അത് കൊണ്ട്  നാല് നിറങ്ങളില്‍ എഴുതാന്‍ പറ്റും. അത് പോലെ ഒന്നും എനിക്കും കിട്ടാനാ മുത്തശി ഞാന്‍ പ്രാര്‍ധിക്കുന്നത് . 

അങ്ങനെ എങ്കിലും അവന്‍ പ്രാര്ധിക്കുന്നല്ലോ എന്ന് കരുതി മുത്തശി ഒന്നും മിണ്ടിയില്ല,
അപ്പു ദിവസവും തന്‍റെ പ്രാര്‍ഥന തുടര്‍ന്ന് എങ്കിലും പ്രത്വേകിച്ചു ഒന്നും സംഭവിച്ചില്ല.

പക്ഷെ ഒരു ദിവസം അപ്പുവിന്‍റെ പ്രാര്‍ഥന കേട്ട് മുത്തശി അമ്പരന്നു.
ദൈവമേ എന്നോട്  പൊറുക്കണേ ... എനിക്കറിയാം ദൈവം എന്റെ തെറ്റൊക്കെ പൊറുക്കുമെന്നു ,
അവന്റെ കയില്‍ ഒരു കളര്‍ പേനയും ഉണ്ടായിരുന്നു .
എവിടെ നിന്നാടാ നിനക്ക് ഈ പേന കിട്ടിയത് ? മുത്തശി ചൂടായി.

മുത്തശ്ശി  പ്രര്ധിച്ചത് കൊണ്ട് മാത്രം ഒന്നും കിട്ടില്ലെന്ന് എനിക്ക് മനസിലായി. ഞാന്‍ അപ്പോള്‍ ഒരു ബുദ്ധി പ്രയോഗിച്ചു , കൂട്ടു കാരന്‍റെ  പക്കല്‍ നിന്നും പേന  അടിച്ചു മാറ്റി . ഇനി ദൈവത്തോട് മാപ്പ് ചോദിച്ചാല്‍ മാത്രം മതിയല്ലോ, 
ദൈവം പൊറുക്കും എന്നല്ലേ മുത്തശ്ശി പറഞ്ഞത്.

അവന്റെ സംസാരം കേട്ട് മുത്തശി തലയില്‍ കൈ വച്ച് ഇരുന്നു പോയി.




Thursday, November 8, 2012

അപ്പുവിന്‍റെ ദൈവം (1)

അപ്പോള്‍ നമ്മള്‍ ഇനി പഠിക്കാന്‍ പോകുന്നത് കൃഷ്ണനും കംസനും എന്ന പാഠം ആണ്,
എല്ലാവരും മലയാളം പുസ്തകം എടുക്കു ..

എടാ അപ്പൂ  നീ എന്താടാ പുസ്തകം എടുക്കുന്നില്ലേ ?
സര്‍.. അത്... ഞാന്‍ പുസ്തകം കൊണ്ട് വരാന്‍ മറന്നു പോയി,

ഒന്നും പഠിക്കുകയും ഇല്ല,പുസ്തകവും കൊണ്ടുവരുകയും ഇല്ല,
നീട്ടെടാ കൈ,

രവീന്ദ്രന്‍ മാഷിന്റെ ചൂരല്‍  അവന്റെ കുഞ്ഞു കൈകളില്‍ ആഞ്ഞു പതിച്ചു .
കൈയില്‍ ഉണ്ടായ ചുവന്ന പാടും തടവി അവന്‍ ഇരുന്നു.
മാഷ്‌ പഠിപ്പിക്കാന്‍ തുടങ്ങി,
അങ്ങനെ  അശരീരിയില്‍ പറഞ്ഞത് പ്രകാരം ദേവകിയുടെ എട്ടാമത്തെ പുത്രന്‍ തന്നെ വധിക്കുമോ എന്ന പേടി കംസന് ഉണ്ടായി, അതുകൊണ്ട് കംസന്‍ വസുദേവരെയും ദേവകിയും ഒരു കാരാഗ്രഹത്തില്‍ അടച്ചു.
എന്നിട്ട് ദേവകിക്ക് ഉണ്ടാകുന്ന പുത്രന്മാരെ ഓരോരുത്തരായി വധിക്കാന്‍ തുടങ്ങി.

ഇത് കേട്ട് അപ്പു കുലുങ്ങി ചിരിക്കാന്‍ തുടങ്ങി,
എന്താടാ ചിരിക്കുന്നത് ? രവീന്ദ്രന്‍ മാഷ്‌ കണ്ണുരുട്ടി .

അല്ല മാഷേ ഞാന്‍ ആലോചിക്കുകയായിരുന്നു , ഈ കംസന്‍ എത്ര മണ്ടനാ അല്ലെ,

അതെന്താടാ,?

മാഷെ ദേവകിയുടെ എട്ടാമത്തെ പുത്രന്‍ ആണ് തന്നെ വധിക്കുന്നത് എന്ന് കംസന്‍ നേരത്തെ അറിഞ്ഞല്ലോ ,

അതെ അതിനിപ്പോള്‍.

അല്ല എങ്കില്‍ പിന്നെ ഈ കംസന്‍ എന്ത് കൊണ്ട് ദേവകിയെ ഉം വസുടെവനേയും  ഒരു കാരാഗ്രഹത്തില്‍ തന്നെ അടച്ചു ? അതാ ഞാന്‍ പറഞ്ഞത് കംസന്‍ ഒരു മണ്ടനാണ് എന്ന്. 
ഇത് പറഞ്ഞിട്ട് അപ്പു വീണ്ടും കുലുങ്ങി ചിരിക്കാന്‍ തുടങ്ങി.

അധിക പ്രസംഗി , വേദങ്ങളെയും പുരാണത്തെയും  ചോദ്യം ചെയ്യുന്നോ ? നീ ഒന്നും ഒരിക്കലും നന്നാകില്ലെടാ..