Saturday, January 16, 2016

മതഗ്രന്ഥം വേർഷൻ 1.0

കമ്പ്യുട്ടറിലെ സോഫ്റ്റ്‌വെയർ ഒക്കെ ഉപയോഗിക്കുന്നവർക്ക് അറിയാം അത് ആദ്യം റിലീസ് ചെയ്ത സമയത്ത് ഉള്ളത് പോലെ ആയിരിക്കില്ല എല്ലായ്പ്പോഴും. അവ പരിഷ്കരിച്ചു ഓരോ പ്രാവശ്യവും പുതിയ വേർഷൻ ഇറക്കാൻ കമ്പനി ഉടമകൾ ശ്രദ്ധിക്കാറുണ്ട്. ആദ്യത്തെ വേർഷൻ 1.0 ആയിരിക്കും അതിനു ശേഷം വേർഷൻ 1.0.1 ,  വേർഷൻ 1.0.2 ,  വേർഷൻ 1.1 , വേർഷൻ 2.0 അങ്ങനെ പോകും. പുതിയ വേർഷൻ ഇറക്കുന്നത്‌ പഴയ വേർഷൻ ഉപയോഗശൂന്യം ആയതു കൊണ്ടാണോ? തീർച്ചയായും അല്ല. പഴയ വേർഷനിലെ ചില പോരായ്മകൾ പരിഹരിക്കുന്നതിനും കൂടുതൽ features അതിലേക്കു കൊണ്ടുവരുന്നതിനും ആണ്. പതുക്കെ പഴയ വേർഷൻ കാലഹരണപ്പെട്ടു പോകുകയും ചെയ്യും. അതിനു കാരണം വളരെ ഉപയോഗയോഗ്യമായ പുതിയ വേർഷൻ വരുന്നത് കൊണ്ടാണ്.

നമ്മൾ എല്ലാവരും നമ്മുടെ നിത്യജീവിതത്തിലും ഇങ്ങനെ ഒരു പ്രശ്നപരിഹാരത്തിന് കൂടുതൽ അനുയോജ്യമായ പുതിയ ഒരു രീതി വരുമ്പോൾ പഴയത് മാറ്റി പുതിയത് സ്വീകരിക്കുന്നു. ഉദാഹരണത്തിന് കൂടുതൽ ദൂരേയ്ക്ക് നടന്നു പോയാലും സൈക്കിളിൽ പോയാലും ബസിൽ പോയാലും എത്തും. പക്ഷെ നമ്മൾ കൂടുതൽ അനുയോജ്യം ആയ വഴി സ്വീകരിക്കുന്നു. വണ്ടികൾ കണ്ടുപിടിക്കുന്നതിനു മുൻപ് നടക്കുക എന്ന ഒരു വഴിയെ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ട് അപ്പോൾ എല്ലാവരും നടന്നു യാത്ര ചെയ്തിരുന്നു. പ്ലാവിലയിൽ കഞ്ഞി കുടിച്ചിരുന്നവർ അത് മാറ്റി സ്പൂൺ ആക്കിയത് പ്ലാവിലയിൽ കഞ്ഞി കുടിക്കാൻ സാധിക്കാത്തതു കൊണ്ടല്ല, മറിച്ചു സ്പൂൺ കൂടുതൽ അനായാസമായി കൈകാര്യം ചെയ്യാവുന്നതും വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതും ആയതു കൊണ്ടാണ്.

ശാസ്ത്രത്തിൻറെ രീതിയും ഇങ്ങനെ തന്നെ. ഇതുവരെ ഉള്ള ശാസ്ത്രത്തെ നിരന്തരം സംശയിക്കുകയും ചോദ്യം ചെയ്യുകയും അതിനെ പരിഷ്ക്കരിച്ചു മുന്നോട്ടു പോകുകയും ചെയ്യുന്നു. അതായതു ശാസ്ത്രം ഓരോ തവണയും അതിൻറെ തന്നെ പുതിയ വേർഷൻ ഇറക്കി കൊണ്ടിരിക്കുന്നു. ഒരു സമസ്യക്ക് കുറച്ചുകൂടി വ്യക്തമായ ഉത്തരം അല്ലെങ്കിൽ പരിഹാരം ആകും ഓരോ പുതിയ പതിപ്പിലും ഉണ്ടാകുന്നത്.

മതവിശ്വാസികളും ഇങ്ങനെ സ്വന്തം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശാസ്ത്രത്തിന്റെ പുതിയ വേർഷൻ ഒരു മടിയും കൂടാതെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. സ്വന്തം മതവിശ്വാസത്തെ സംബന്ധിക്കുന്ന കാര്യം ഒഴിച്ച്. മതവിശ്വാസത്തിന്റെ കാര്യം വരുമ്പോൾ അവർ തന്റെ യുക്തിചിന്തയും സാമാന്യബോധവും നിഷ്കരുണം ഉപേക്ഷിച്ചു വിശ്വാസത്തെ അന്ധമായി ഏറ്റെടുക്കും.  ഇക്കാര്യത്തിൽ എല്ലാ മതവിശ്വാസികളും ഒറ്റക്കെട്ടാണ്. സ്വന്തം വിശ്വാസങ്ങളും മതഗ്രന്ഥങ്ങളും അണുവിട മാറാതെ അങ്ങനെ തന്നെ തുടരണം എന്ന് അവർ അതിയായി ആഗ്രഹിക്കുന്നു. തങ്ങളുടെ മതഗ്രന്ധം ലോകാവസാനം വരെ മാറ്റമില്ലാതെ തുടരണം എന്ന് ആക്രോശിക്കുന്ന മുസ്ലിങ്ങളും പഴമയിൽ ഇന്നത്തെ ആധുനിക ശാസ്ത്രം ഉണ്ടെന്നു വാദിക്കുകയും അതിലേക്കു തിരിച്ചു പോകണമെന്ന് വാശിപിടിക്കുന്ന ഹിന്ദുക്കളും ഒരേ നാണയത്തിന്റെ മറുവശങ്ങളാണ്.

അടുത്തിടെ മഴപെയ്യിക്കാൻ യാഗം നടത്താൻ മണിക്കൂറുകൾ അരണിക്കോൽ കടഞ്ഞ ആൾക്കാരുടെ അടുത്തേക്ക് ഒരു കുട്ടി തീപ്പെട്ടി കൊണ്ട് പോയി കൊടുത്തു അത്രേ. ആ കുട്ടിക്ക് ഉണ്ടായിരുന്ന സാമാന്യ ബോധം പോലും അവിടെ കൂടിയിരുന്ന മറ്റു ജനങ്ങൾക്ക്‌ ഉണ്ടായിരുന്നില്ല. തീപ്പെട്ടി കണ്ടുപിടിക്കുന്നതിനു മുൻപ് കല്ലുരസിയും മറ്റും കഷ്ടപ്പെട്ടു മനുഷ്യർ തീയുണ്ടാക്കിയിരുന്നു. പക്ഷെ അത് ഇന്ന് ആരും ചെയ്യുന്നില്ല. കാരണം അതിനേക്കാൾ മെച്ചവും എളുപ്പവും ആയ പുതിയ രീതി കണ്ടുപിടിച്ചത് കൊണ്ടാണ്. പക്ഷെ അരണിക്കോൽ കടയുന്നത് മതവിശ്വാസത്തിന്റെ ഭാഗമായതിനാൽ അത് ഉപേക്ഷിക്കാൻ വിശ്വാസികൾ തയ്യാറില്ല. ബൾബുകൾ കണ്ടു പിടിച്ചിട്ടും നിലവിളക്കിന്റെ സ്ഥാനത്തിനു കോട്ടം തട്ടാത്തത് നിലവിളക്ക് ബൾബിനെക്കാൾ നല്ല പ്രകാശം തരുന്നത് കൊണ്ടല്ല. മറിച്ചു അത് ഒരു മതവിശ്വാസത്തിന്റെ ഭാഗം ആയതു കൊണ്ടാണ്.

ഇക്കാര്യത്തിൽ ക്രിസ്ത്യാനികളും ഒട്ടും പിന്നിലല്ല. സ്വന്തം മതഗ്രന്ധത്തിന്റെ പരിഷ്ക്കരിച്ച രണ്ടാം പതിപ്പായ പുതിയ നിയമം ഉള്ളതൊഴിച്ചാൽ. പഴയനിയമത്തിലെ ദൈവം കൂടുതൽ കർക്കശക്കാരനും ദുഷ്ടനും ആയിരുന്നു എന്ന് കാണാം. പക്ഷെ പുതിയ നിയമത്തിലും മണ്ടത്തരങ്ങൾക്ക് ഒട്ടും കുറവില്ല, ശൂന്യതയിൽ നിന്നും ആറു ദിവസം കൊണ്ട് പ്രപഞ്ചം നിർമ്മിചിട്ടു ഏഴാം ദിവസം വിശ്രമിച്ച ദൈവവും, സംസാരിക്കുന്ന പാമ്പും, ആണിന്റെ വാരിയെല്ലിൽ നിന്നും ഉണ്ടാക്കിയ പെൺകൊടിയും ഒക്കെയായി തമാശക്കഥകൾക്ക് ഒരു പഞ്ഞവും ഇല്ല.

പക്ഷെ അവയൊന്നും മാറ്റം വരുത്താനോ പരിഷ്ക്കരിക്കാനോ വിശ്വാസികൾ തയ്യാറല്ല. കാരണം അവയിൽ യാതൊരു തെറ്റും ഇല്ല അല്ലെങ്കിൽ തെറ്റുകൾ ഉണ്ടാകാൻ പാടില്ല എന്ന അതിയായ ആഗ്രഹം തന്നെ കാരണം.
ഇത്തരം കടും പിടുത്തം സ്വന്തം വിശ്വാസത്തിൽ നടത്തുമെങ്കിലും ബാക്കി കാര്യങ്ങളിലെല്ലാം അവർക്ക് ശാസ്ത്രീയമായി പരിഷ്ക്കരിക്കപ്പെട്ടത്‌ മതി. എന്നിട്ട് സ്വന്തം അന്ധവിശ്വാസങ്ങളെയും മത പുസ്തകങ്ങളെയും ന്യായീകരിക്കാൻ ആയി ശാസ്ത്രത്തെ കുറ്റം പറയുകയും ചെയ്യുന്നു. ശാസ്ത്രം ഇന്ന് പറയുന്നത് നാളെ മാറ്റി പറയുന്നു എന്നാണു അവരുടെ വാദം. ശാസ്ത്രം ഒരു സമസ്യക്ക് മുൻപത്തേക്കാൾ കൂടുതൽ വ്യക്തമായ ഒരു നിർദ്ധാരണം കണ്ടുപിടിക്കുന്നതിനാണ് അവർ അങ്ങനെ ഒരു ദുർവ്യാഘ്യാനം നല്കുന്നത്. ശാസ്ത്രം ശൈശവദശയിൽ ആയിരുന്ന സമയത്ത് കരുതിയത്‌ ഭൂമി പരന്നത് എന്നായിരുന്നു. അതെ സമയത്ത് എഴുതിയമതഗ്രന്ഥങ്ങളിലും അങ്ങനെ തന്നെ. പക്ഷേ ശാസ്ത്രം വികസിക്കുന്നതിനനുസരിച്ച് അത് ഉരുണ്ടതു ആണെന്നും പിന്നെ കുറച്ചു കൂടി വ്യക്തമായി ഓവൽ ആകൃതി ആണെന്നും കണ്ടെത്തി. പക്ഷെ പല മതഗ്രന്ഥങ്ങളും ഇപ്പോഴും പരന്ന ഭൂമിയും കെട്ടി പിടിച്ചു ഇരിക്കുക ആണ്. അല്ലെങ്കിൽ അതിൽ പറഞ്ഞിരിക്കുന്നത് പരന്ന ഭൂമിയല്ല ഉരുണ്ടതു ആണെന്ന് വരുത്തി തീർക്കാൻ ഉള്ള വിഫലശ്രമത്തിലും.

വിശ്വാസികൾ ശാസ്ത്രം മാറ്റി പറയും എന്നതിന് ഉദാഹരണമായി സാധാരണ പറയുന്ന വേറൊരു കാര്യം ആണ് ന്യുട്ടൻ തെറ്റാണെന്ന് ഐൻസ്ടീൻ തെളിയിച്ചു എന്നത്. ന്യുട്ടന്റെ ചലനനിയമം ഇപ്പോഴും ദൈനംദിന ജീവിതത്തിൽ എല്ലായിടത്തും ഉപയോഗിക്കാൻ സാധിക്കും.
സത്യം പറഞ്ഞാൽ ന്യുട്ടന്റെ ചലനനിയമം മാത്രം ഉപയോഗിച്ച് നമുക്ക് ചന്ദ്രനിലേക്ക് ഒരു റോക്കറ്റ് വരെ അയക്കാൻ സാധിക്കും. പക്ഷെ പ്രകാശവേഗതയോട് അടുത്ത് സഞ്ചരിക്കുന്ന വസ്തുക്കളിൽ അത്  കൃത്യമായി കണക്കാക്കാൻ സാധിക്കില്ല. ആ കുറവ് പരിഹരിക്കുക ആണ് ഐസ്റ്റീൻ ചെയ്തത്. ചുരുക്കി പറഞ്ഞാൽ ന്യുട്ടന്റെ ചലനനിയമത്തിന്റെ പരിഷ്ക്കരിച്ച വേർഷൻ. സ്വന്തം മതാചാരങ്ങളും മതഗ്രന്ഥങ്ങളും പരിഷ്ക്കരിക്കാൻ വിസമ്മതിക്കുന്ന വിശ്വാസികൾ ഇതിനെ തെറ്റായ രീതിയിൽ പറഞ്ഞു പരത്തുന്നു.

ശാസ്ത്രം ഒരിക്കലും മതത്തിനു എതിരല്ല. പക്ഷെ മതത്തിലെ പല കാര്യങ്ങളും അശാസ്ത്രീയം ആണെന്ന് തെളിയുമ്പോൾ മതങ്ങളും വിശ്വാസികളും തന്നെ അങ്ങനെ കരുതുന്നത് ആണ്. ശ്രിഷ്ടിവാദം തെറ്റെന്നു പറയുന്ന പരിണാമസിദ്ധാന്തം ശരിയല്ലെന്ന് ഉറച്ചു വിശ്വസിക്കാൻ വിശ്വാസികൾക്ക് ആരുടേയും സഹായം വേണ്ട. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ശാസ്ത്രത്തിൻറെ സുഖലോലുപത അനുഭവിക്കുന്ന വിശ്വാസിക്ക് തന്റെ മതവും ശാസ്ത്രീയം ആകണം എന്നുള്ള ആഗ്രഹം ആണ് അതിലും ശാസ്ത്രം ഉണ്ടെന്നു പറയിപ്പിക്കുന്നത്.

നമുക്ക് ഒരു കാര്യത്തിനു പിന്നിലെ കാരണം കണ്ടെത്താൻ ഉള്ള ഏറ്റവും അനുയോജ്യമായ വഴി ശാസ്ത്രീയമായ രീതിയാണ്. അതേ രീതി ഉപയോഗിച്ചു ഇതുവരെ ഉള്ള ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ പോലും അത് സ്വീകരിക്കാനും തെറ്റ് തിരുത്തി മുന്നോട്ടു പോകാനും ശാസ്ത്രത്തിനു ഒരു മടിയും ഇല്ല. കാരണം അത് ഒരിക്കലും ഒരു അവസാന വേർഷൻ ഇറക്കുന്നില്ല. കൂടുതൽ മെച്ചമായ അടുത്ത വേർഷൻ ഇറക്കിക്കൊണ്ടേ ഇരിക്കും. അത് തന്നെ ആണ് ശാസ്ത്രത്തെ കൂടുതൽ സൗന്ദര്യം ഉള്ളത് ആക്കുന്നത്.